46 റൺസിൽ ഓൾ ഔട്ട്! ഏഷ്യൻ മണ്ണിൽ ഇന്ത്യക്ക് നിരാശയുടെ റെക്കോഡ്
ഇന്ത്യ-ന്യൂസിലാൻഡ് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിലെ രണ്ടാം ദിവസം അവസാനിച്ചു.
ഇന്ത്യ-ന്യൂസിലാൻഡ് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിലെ രണ്ടാം ദിവസം അവസാനിച്ചു. ആദ്യ ഇന്നിങ്സിൽ ഇന്ത്യ വെറും 46 റൺസിനാണ് പുറത്തായത്. ഇന്ത്യൻ താരങ്ങൾക്ക് ഒരു അവസരവും നൽകാതെയായിരുന്നു ന്യൂസിലാൻഡ് ബൗളർമാർ ഇന്ത്യയെ എറിഞ്ഞു വീഴ്ത്തിയത്.
ഏഷ്യയിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തിൽ ഒരു ടീം ഓൾ ഔട്ട് ആവുന്ന ഏറ്റവും ചെറിയ സ്കോർ ആണിത്.
ന്യൂസിലാൻഡിനായി മാറ്റ് ഹെൻറി അഞ്ച് വിക്കറ്റുകളും വില്യം ഔറർക്കെ നാല് വിക്കറ്റുകളും നേടി തിളങ്ങി.
ഇന്ത്യക്കായി 20 റൺസ് നേടിയ റിഷബ് പന്ത് മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഇന്ത്യൻ നിരയിൽ അഞ്ച് താരങ്ങൾ ആണ് പൂജ്യം റൺസിന് പുറത്തായത്. വിരാട് കോഹ്‌ലി, കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, സർഫറാസ് ഖാൻ എന്നിവരാണ് റൺസ് ഒന്നും നേടാതെ മടങ്ങിയത്.
മറുപടി ബാറ്റിങ്ങിൽ ന്യൂസിലാൻഡിനായി കോൺവേ അർധ സെഞ്ച്വറി നേടി. 91 റൺസാണ് കോൺവേ അടിച്ചെടുത്തത്. നിലവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് എന്ന നിലയിലാണ് കിവീസ്. ന്യൂസിലൻഡിന് 134 റൺസ് ലീഡും ഉണ്ട്.